
ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മേല്‍കൈ വീണ്ടെടുക്കാനുദ്ദേശിച്ച് രണ്ട് പുതിയ ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ അവതരിപ്പിച്ചു. കൂടുതല്‍ വേഗമേറിയ പ്രൊസസറും ഫിങ്കര്‍പ്രിന്റ് സ്‌കാനറുമുള്ള ഐഫോണ്‍ 5എസ്, വിലക്കുറഞ്ഞ ഐഫോണ്‍ 5സി എന്നിവയാണ് പുതിയ മോഡലുകള്‍ .
ആന്‍ഡ്രോയ്ഡ് ഫോണുകളുയര്‍ത്തുന്ന വെല്ലുവിളി നേരിടാനുദ്ദേശിച്ചാണ് ആപ്പിളിന്റെ നിക്കമെന്ന് വ്യക്തം. അതിനാണ് ഐഫോണിന്റെ വിലകുറഞ്ഞ വേര്‍ഷന്‍ ഇറക്കിയിരിക്കുന്നത്.
അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ (നീല, പച്ച, പിങ്ക്, മഞ്ഞ, വെള്ള) പ്ലാസ്റ്റിക് പിന്‍ഭാഗത്തോടുകൂടിയ ഐഫോണ്‍ 5സിക്ക് രണ്ടുവര്‍ഷത്തെ സര്‍വീസ് കരാറോടുകൂടി 99 ഡോളര്‍ (6500 രൂപ) മുതലാണ് അമേരിക്കയില്‍ വില; കരാറില്ലാതെ 549 ഡോളറും (35000 രൂപ). പ്രതീക്ഷിച്ചതിലും കൂടിയ വിലയാണിത്. കറാറില്ലാതെ ചൈനയില്‍ ഇതിന് 733 ഡോളര്‍ (47,000 രൂപ) വിലയാകും. ഇന്ത്യയിലെ വില എത്രയെന്ന് അറിവായിട്ടില്ല.
വിലകൂടിയ 5എസ് മോഡലിന് കരാറോടുകൂടി 199 ഡോളര്‍ (13000 രൂപ) മുതലായിരിക്കും അമേരിക്കയില്‍ വില. ഗ്രേ, സില്‍വര്‍ , ഗോള്‍ഡ് നിറങ്ങളിലാണ് ഐഫോണ്‍ 5എസ് എത്തുന്നത്.
ഐഫോണ്‍ 5സിയുടെ മുന്‍കൂര്‍ ബുക്കിങ് സപ്തംബര്‍ 13 ആരംഭിക്കുമെന്ന് ആപ്പിള്‍ അറിയിച്ചു. 5സിയും 5എസും യു.എസ്, യു.കെ, ചൈന തുടങ്ങി വിവിധ രാജ്യങ്ങളില്‍ സപ്തംബര്‍ 20 ന് വില്‍പ്പന ആരംഭിക്കും.
കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയില്‍ നടന്ന ചടങ്ങിലാണ് പുതിയ ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ അവതരിപ്പിച്ചത്. മുഖ്യമോഡലായ ഐഫോണ്‍ 5എസിന്റെ സ്റ്റാര്‍ട്ട് ബട്ടണിലാണ് ഫിങ്കര്‍പ്രിന്റ് സ്‌കാനറുള്ളത്. യൂസറെ തിരിച്ചറിയാന്‍ ഐഫോണിന് കഴിയും. ആന്‍ഡ്രോയ്ഡ് പ്രതിയോഗികള്‍ക്കില്ലാത്ത സവിശേഷതയാണിത്. 2011 ല്‍ മോട്ടറോള അതിന്റെ ആസ്ട്രിക്‌സ് ഹാന്‍ഡ്‌സെറ്റില്‍ ഈ വിദ്യ പരീക്ഷിച്ചിരുന്നെങ്കിലും വിജയിച്ചില്ല.
കരുത്തേറിയ എ7 പ്രൊസസറാണ് ഐഫോണ്‍ 5എസിലുള്ളത്. മാത്രമല്ല, ബാറ്ററി വലിയ തോതില്‍ ചോര്‍ത്താതെ ചലിക്കുന്ന വേളയിലെ ഡേറ്റ (മോഷന്‍ ഡേറ്റ) പിന്തുടരാന്‍ സഹായിക്കുന്ന 'എം7 മോഷന്‍ കോപ്രൊസസര്‍' ചിപ്പും ഉണ്ട്. വ്യായാമം പോലുള്ള ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികവോടെ ഐഫോണിന്റെ സേവനം തേടാന്‍ ഇത് വഴിയൊരുക്കുമെന്ന് ആപ്പിള്‍ പറയുന്നു.
ഐഫോണ്‍ 5എസില്‍ , മുന്‍ വേര്‍ഷനെ അപേക്ഷിച്ച് 15 ശതമാനം അധികശേഷിയുള്ള ക്യാമറ സെന്‍സറാണുള്ളത്. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇത് സഹായിക്കും. വ്യത്യസ്ത രീതിയില്‍ പ്രകാശം പ്രദാനം ചെയ്യുന്ന രണ്ട് എല്‍ഇഡി ഫ് ളാഷുകളുമുണ്ട്. രണ്ട് ഫ് ളാഷുകളും കൂടിച്ചേരുമ്പോള്‍ മികച്ച കളര്‍ ബാലന്‍സ് സാധ്യമാകും.
മാത്രമല്ല, ഓട്ടോമാറ്റിക് ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഫീച്ചറും ഐഫോണ്‍ 5എസിലുണ്ട്. കരചലനം മൂലം ചിത്രം മോശമാകുന്നത് തടയാന്‍ ഇത് സഹായിക്കും. സ്ലോമോഷന്‍ ഇഫക്ട് ലഭിക്കുന്ന തരത്തില്‍ സെക്കന്‍ഡില്‍ 120 ഫ്രെയ്‌സ് എന്ന തോതില്‍ വീഡിയോ പിടിക്കാനും കഴിയും. പുതിയ മോഡലിന്റെ ക്യാമറ 8 മെഗാപിക്‌സല്‍ തന്നെയാണ്.
എ6 പ്രൊസസര്‍ ഉള്‍പ്പടെ ഇതിന് മുമ്പ് ആപ്പിളിറക്കിയ ഐഫോണ്‍ 5 മോഡലിലെ ഫീച്ചറുകളാണ് ഐഫോണ്‍ 5സിയിലുള്ളത്.
രണ്ട് പുതിയ മോഡലുകള്‍ക്കും ആപ്പിളിന്റെ പുനര്‍രൂപകല്‍പ്പന ചെയ്ത ഐഒഎസ് സോഫ്റ്റ്‌വേര്‍ (ഐഒഎസ് 7) ലഭിക്കും. ആപ്പിളിന്റെ വേഡ് പ്രൊസസിങ്, സ്‌പ്രെഡ്ഷീറ്റ്, പ്രസന്റേഷന്‍, വീഡിയോ എഡിറ്റിങ് ആപ്‌സുകളൊക്കെ പുതിയ ഐഫോണ്‍ മോഡലുകളിലുണ്ട് .
No comments:
Post a Comment