ലെന്‍സുകള്‍ മാറ്റാവുന്ന ആന്‍ഡ്രോയിഡ് ക്യാമറ


ലെന്‍സുകള്‍ മാറ്റാവുന്ന ലോകത്തെ ആദ്യ ആന്‍ഡ്രോയിഡ് കാമറ എന്ന വിശേഷണമുള്ള പുതിയ അവതാരത്തെ സാംസങ് പുറത്തിറക്കി. ഇതിനൊപ്പം നേരത്തെ സവിശേഷതകള്‍ പുറത്തായ കാമറ-സ്മാര്‍ട്ട്ഫോണ്‍ സങ്കരയിനമായ ഗ്യാലക്സി എസ്4 സൂം പുറത്തിറക്കിയിട്ടുണ്ട്.ഇതാദ്യമാണ് സാംസങ് കാമറയില്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം സന്നിവേശിപ്പിക്കുന്നത്.
നേരത്തെ ആന്‍ഡ്രോയിഡ് ഗ്യാലക്സി കാമറ പുറത്തിറക്കിയെങ്കിലും അത് ആന്‍ഡ്രോയിഡിനുവേണ്ടിയുള്ള കാമറയായിരുന്നു. ഇവിടെയാകട്ടെ കാമറക്കാണ് പ്രാധാന്യം. ഇന്‍റര്‍ചേഞ്ചബിള്‍ ലെന്‍സുകളുള്ള മിറര്‍ലെസ് ആന്‍ഡ്രോയിഡ് കാമറയെന്നാണ് സാങ്കേതികനാമം. അതായത് ആന്‍ഡ്രോയിഡ് പവേര്‍ഡ് പ്രഫഷനല്‍- ഗ്രേഡ് ഷൂട്ടര്‍. ഇത് ഡിഎസ്എല്‍ആറുമായി (ഡിജിറ്റല്‍ സിംഗിള്‍ ലെന്‍സ് റിഫ്ളക്ട്) ഇതിന് വ്യത്യാസങ്ങളുണ്ട്. യഥാര്‍ഥപേര് ‘സാംസങ് ഗ്യാലക്സി എന്‍എക്സ്’. അടുത്തിടെ പുറത്തിറക്കിയ 10 എം.എം F3.5 ഫിഷ്ഐ ലെന്‍സുകള്‍ അടക്കം 13 ലെന്‍സുകളുണ്ട്. സാംസങ്ങിന്‍െറ 45 എം.എം ടുഡി അല്ളെങ്കില്‍ ത്രീഡി ലെന്‍സുകള്‍ ഉപയോഗിച്ച് ത്രീഡി ചിത്രങ്ങളും മൂവികളും എടുക്കാം. 30 സ്മാര്‍ട്ട് മോഡുകളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. 1/6000 സെക്കന്‍ഡ് ഷട്ടര്‍ സ്പീഡുള്ള അഡ്വാന്‍സ്ഡ് ഹൈബ്രിഡ് ഓട്ടോഫോക്കസ് സംവിധാനമാണ്. സെക്കന്‍ഡില്‍ 8.6 ഫ്രെയിം വീതമെടുക്കാം.
ഇമേജ് പ്രോസസിങ്ങിന് DRIMe IV ഇമേജ് പ്രോസസര്‍, സിസ്റ്റത്തിന് കരുത്തേകാന്‍ 1.6 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍ എന്നിവയുണ്ട്. 20.03 എംപി അഡ്വാന്‍സ് ഫോട്ടോ സിസ്റ്റം ടൈപ്-സി (APSC) കോംപ്ളിമെന്‍ററി മെറ്റല്‍ ഓക്സൈഡ് സെമികണ്ടക്ടര്‍ അഥവാ CMOS സെന്‍സറാണ്. സാധാരണ കാമറയിലെ ഫിലിമിന് പകരം ഡിജിറ്റല്‍ കാമറയില്‍ ചിത്രങ്ങള്‍ പതിയുന്നത് ഇതിലാണ്. എസ്വിജിഎ ഇലക്ട്രോണിക് വ്യൂഫൈന്‍ഡറാണ്. 100 മുതല്‍ 25600 വരെ ഐഎസ്.ഒ സെന്‍സിറ്റിവിറ്റി പ്രകാശം കുറവുള്ളപ്പോഴും കൂടുമ്പോഴും വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നു. 495 ഗ്രാം ആണ് ഭാരം.
4.8 ഇഞ്ച് ഹൈ ഡെനിഷന്‍ എല്‍സിഡി സ്ക്രീന്‍, ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, രണ്ട് ജി.ബി റാം, 4360 എം.എ.എച്ച് ബാറ്ററി, ത്രീജി, ഫോര്‍ജി എല്‍.ടി.ഇ, ബ്ളൂടൂത്ത്, വൈ ഫൈ, കാര്‍ഡിട്ട് 64 ജി.ബി വരെ കൂട്ടാവുന്ന 16 ജി.ബി ബില്‍റ്റ്ഇന്‍ സ്റ്റോറേജ്, അഞ്ച് പോയന്‍റ് ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, 247 പോയന്‍റ് കോണ്‍ട്രാസ്റ്റ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, 1080പി ഫുള്‍ ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിങ് എന്നിവയാണ് പ്രത്യേകതകള്‍. ഇനി അളവുകള്‍: 136.5 x 101.2 x 25.7 (37.65) എം.എം. ഈവര്‍ഷം വില്‍പനക്കെത്തും.

No comments:

Post a Comment